ഹരിപ്പാട്: ജനാധിപത്യം പൂർണാർഥത്തിൽ നിലനിൽക്കണമെങ്കിൽ വാർത്താമാധ്യമങ്ങളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിപ്പാട് മാധ്യമ പ്രവർത്തകർ നൽകിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രശനങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ പ്രാദേശിക മാധ്യമപ്രവർത്തകർ വലിയപങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് ആവശ്യമായ പരിരക്ഷ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക ലേഖകർക്കായി ക്ഷേമനിധി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പ്രസ് സെന്റർ പ്രസിഡന്റ് എം. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എം. ഗഫൂർ, ട്രഷറർ അനിൽ ജി. മുതുകുളം, സജീവ് സേനൻ എന്നിവർ പ്രസംഗിച്ചു.